മലപ്പുറം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്കാണ് പൊള്ളലേറ്റത്. കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ചൂട് അനുഭവപ്പെടുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.







