ആലപ്പുഴ: ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. ആലപ്പുഴ ഹരിപ്പാട്ടെ ചിക്കന്‍ ചിക്കാഗോ ഹോട്ടലിലാണ് സംഭവം. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. കൂടുതല്‍ ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും കഴിച്ചുകൊണ്ടിരുന്ന ഫ്രൈഡ് റൈസും പാത്രവും തട്ടിത്തെറിപ്പിക്കുകയും ചെയ്തുവെന്ന് ഉടമയുടെ പരാതിയില്‍ പറയുന്നു.
കൂടാതെ ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചു തകര്‍ക്കുകയും ജീവനക്കാരിയെ മര്‍ദ്ദിക്കുകയും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്ഥാപനത്തിന് 35,000 രൂപയോളം നഷ്ടമുണ്ടായെന്ന് ഉടമ പരാതിപ്പെട്ടു. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







