കോഴിക്കോട്: വീട്ടുമതിലില്‍ ചുവരെഴുതാന്‍ എത്തിയ ദര്‍സ് വിദ്യാര്‍ത്ഥികളെ ചെമ്പ് വള കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സന്തോഷ്, സുരേഷ് പഴയ മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മദ്രസ അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദര്‍സില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അനുവാദം വാങ്ങിയ ശേഷമാണ് ചുവരെഴുതാന്‍ പോയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന് രാത്രി ചുമരെഴുതുന്നതിനുള്ള സാമഗ്രികളുമായി സ്ഥലത്തെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ കൂടി വീട്ടുകാരെ കണ്ട് സംസാരിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും മോശമായി സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.







