കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയായ കിംസ് ശ്രീ ചന്ദില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കണ്ണൂര്‍, പുതിയതെരു, ആശാരി കമ്പനിക്കു സമീപത്തെ അനു നിസ്ഹാന്‍ മൻസിലിൽ ചാണ്ടി ഷമീം എന്ന ഷമീമി (42)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസനാഥന്‍ അറസ്റ്റു ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഷമീം അത്യാഹിത വിഭാഗത്തിന്റെ മുന്‍ വശത്തുള്ള വാതില്‍ തകര്‍ക്കുകയും ജനല്‍നെറ്റ് നശിപ്പിക്കുകയും ജീവനക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
പ്രതിക്കെതിരെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറോളം കേസുകള്‍ ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്ന്, പൊലീസിനു നേരെ അക്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.







