ബെംഗളൂരു: കളിത്തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയില്‍ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, കേരളം, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ ബെംഗളൂരുവിലെ ജെയിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണെന്നും പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് സംഘം തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഒഡീഷ സ്വദേശിയായ മൊഹന്തിയെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. മൊഹന്തിയെ ഹോസ്റ്റലില്‍ നിന്ന് പ്രലോഭിപ്പിച്ച് ഒരു കാറില്‍ കയറ്റുകയും പിന്നീട് സംഘം അവരുടെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് മൊഹന്തിയുടെ സുഹൃത്തുക്കളെ വിളിച്ച് മൊഹന്തി തങ്ങളുടെ കസ്റ്റഡിയിലാണെന്നും മോചിപ്പിക്കാന്‍ 50,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് പറഞ്ഞ് ഇവര്‍ ആദ്യം 10,000 രൂപ കൈമാറി. സംശയം തോന്നിയ സുഹൃത്തുക്കള്‍ പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മൊഹന്തിയെ രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
പ്രതികളില്‍ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച വ്യാജ മെറ്റല്‍ തോക്ക്, കത്തി, കാര്‍ എന്നിവ പിടിച്ചെടുത്തു. അന്വേഷണത്തില്‍, നാല് പ്രതികളും പതിവ് കുറ്റവാളികളാണെന്നും ഇവര്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചാണ് കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.







