ബെംഗളൂരു: കുടുംബ തര്‍ക്കത്തില്‍ മരുമകന്റേയും കൂട്ടാളികളുടേയും കുത്തേറ്റ് ചികിത്സയിലായിരുന്ന 45 കാരി മരിച്ചു. അഡുഗോഡിയിലെ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന മഗേശ്വരിയാണ് മരിച്ചത്. സംഭവത്തില്‍ മഗേശ്വരിയുടെ ഇളയ സഹോദരനും മകളുടെ ഭര്‍തൃപിതാവുമായ മണി വര്‍ണ്ണന്‍, മകളുടെ ഭര്‍ത്താവ് മണികിരണ്‍, മണി കിരണിന്റെ കുടുംബ സുഹൃത്തുക്കളായ സ്റ്റീഫന്‍, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ബെംഗളൂരിവിലെത്തിയവരാണ് മരിച്ച മഗേശ്വരിയുടെ കുടുംബം.
മഗേശ്വരിയുടെ മൂത്ത സഹോദരിയുടെ മകള്‍ ചാരുലതയെ മണികിരണ്‍ ആണ് വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ചുകാലമായി അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ചാരുലത മഗേശ്വരിക്കൊപ്പമാണ് താമസം. മണികിരണും കുടുംബവും നിരന്തരം അനുരഞ്ജനത്തിന് ശ്രമിച്ചിട്ടും ഭര്‍തൃവീട്ടിലേക്ക് തിരിച്ച് പോകാന്‍ ചാരുലത തയ്യാറായില്ല.
മാര്‍ച്ച് 25 ന് മണികിരണ്‍ മഗേശ്വരിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ചാരുലതയെ ബലമായി കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ സ്ഥിതിഗതികള്‍ വഷളാവുകയും മഗേശ്വരി പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. പിന്നാലെ സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മഗേശ്വരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചു. നിലവില്‍ പ്രതികളെല്ലാം പരപ്പര അഗ്രഹാര ജയിലിലാണെന്ന് പൊലീസ് പറഞ്ഞു.







