ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്

ചിക്കമംഗളൂരു: കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പരിക്കുകള്‍ വീഴ്ച്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരട്ടെ എന്നും കുടുംബം പ്രതികരിച്ചു. നേരത്തെ ശ്രീനന്ദ വ്യൂ പോയിന്റ് കടന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കള്‍ അത് വിലക്കിയിരുന്നു. പിന്നീട് കുട്ടി വീണ്ടും പോയതാകാമെന്നാണ് കുടുംബം പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഒറ്റപ്പാലത്തെ കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് മൃതദേഹം സംസ്‌കരിക്കുക.

കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ശ്രീനന്ദ. 40 അംഗ സംഘത്തിനൊപ്പമെത്തിയ ശ്രീനന്ദയെ നാലുദിവസം മുമ്പ് കാണാതാവുകയും ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെര്‍മല്‍ ഡ്രോണിന്റെ മോണിറ്ററിലാണ് ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page