വനിത സംവരണ ഭേദഗതി ബില്‍ പാസ്സായാല്‍ പാര്‍ലമെന്റില്‍ നിലവിലുള്ള 540 സീറ്റ് 810 ആകും; കേരള നിയമസഭ സീറ്റ് 140 ല്‍ നിന്ന് 210 ആകും; വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം; ബില്ല് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: വനിത സംവരണ ഭേദഗതി ബില്ലിനെ മുഴുവന്‍ എംപിമാരും പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ അഭ്യര്‍ത്ഥിച്ചു. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പാസ്സാക്കാന്‍ വനിതകള്‍ക്ക് പാര്‍ലമെന്റില്‍ 33 ശതമാനം സീറ്റും സംവരണം ചെയ്യും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ല്‍ നിന്നും 810 ആയി ഉയരും. കേരള നിയമസഭകളുടെ എണ്ണം നിലവിലുള്ള 140 ല്‍ നിന്ന് 210 ആയി ഉയരും. 2011 ലെ സെന്‍സസ് അനുസരിച്ചാണ് സീറ്റ് സംവരണം നടപ്പാക്കുന്നത്.

2029 മുതലുള്ള പാര്‍ലമെന്റ് – നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വനിത സംവരണം നടപ്പാക്കണം. ഇനിയും ഇത് വെച്ചു താമസിപ്പിക്കാന്‍ കഴിയില്ലെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിര്‍മാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു.

രാജ്യം ഒരു ചരിത്ര നിമിഷത്തിന്റെ പടിവാതില്‍ക്കലാണെന്നും, ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തിലാക്കാനും സമത്വത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏപ്രില്‍ 16ന് പാര്‍ലമെന്റ് സമ്മേളിക്കുമെന്നു അദ്ദേഹം അറിയിച്ചു.

ശാസ്ത്രം, സംരംഭകത്വം, കായികം, സായുധ സേന തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഭരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീകള്‍ എത്തുമ്പോള്‍ അത് ഭരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ നിയമം ഭേദഗതി ചെയ്യും. ഇതോടെ 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ സംവരണം പ്രാബല്യത്തില്‍ വരും. ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരുമ്പോള്‍ അതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. 2027ലെ സെന്‍സസിനു ശേഷം 2034ല്‍ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തി 2029ല്‍ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.

ബില്ലില്‍ പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page