തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നീതിപൂർവ്വകവും സമാധാനപരവും ആക്കുന്നതിനുള്ള സുരക്ഷാ മുൻകരുതകൾ പോലീസ് ഉറപ്പാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 76203 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനത്തെ ആകെയുള്ള മുപ്പതിനായിരത്തി നാനൂറ്റി എഴുപത്തൊന്ന് പോളിംഗ് ബൂത്തുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 30471 പോളിംഗ് ബൂത്തുകളിൽ 2500 ബൂത്തുകളെ ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകൾ ആയി കണക്കാക്കിയിട്ടുണ്ട്. 28 209 സ്പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 76203 പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ലോക്കൽ പോലീസ്, സ്പെഷ്യൽ യൂണിറ്റുകൾ, ബെറ്റാലിയനുകൾ , മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ സേനാംഗങ്ങൾ ,140 കമ്പനി കേന്ദ്രസേന വിഭാഗം , 20 കമ്പനി തമിഴ്നാട് പോലീസ് തുടങ്ങിയവർ സംഘത്തിൽ ഉൾപ്പെടുന്നു .






