മുംബൈ: കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ഭര്‍ത്താവ് ജീവനൊടുക്കിയാല്‍ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് വിധി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന തര്‍ക്കങ്ങളെ ആത്മഹത്യാ പ്രേരണയായി കരുതാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ദാമ്പത്യ ജീവിതത്തിലെ സാധാരണ തര്‍ക്കങ്ങളും വേര്‍പിരിഞ്ഞ് ജീവിക്കുന്നതുമൊന്നും ആത്മഹത്യാ പ്രേരണയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവതിക്കെതിരെ ഭര്‍തൃ പിതാവ് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഹൈക്കോടതി, അവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദാക്കി.
2019 നവംബറില്‍ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച യുവാവിന്റെ ഭാര്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. നിസ്സാര കാര്യങ്ങളുടെ പേരില്‍ മരുമകള്‍ വഴക്കിടാറുണ്ടെന്നും, മകനെ അധിക്ഷേപിക്കാറുണ്ടെന്നും ഇതാണ് മകന്‍ ജീവനൊടുക്കാന്‍ കാരണമെന്നും ആരോപിച്ചാണ് യുവാവിന്റെ പിതാവ് മരുമകള്‍ക്കെതിരെ പരാതി നല്‍കിയത്.







