ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ലോകസാമ്പത്തിക മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് പറഞ്ഞ മോദി യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നല്‍കണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു മോദി. പ്രസ്താവന 25 മിനിറ്റ് നേരം നീണ്ടുനിന്നു.
ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ സംഘര്‍ഷ മേഖലയിലുണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാര്‍ ഉണ്ട്. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ തിരികെ വന്നു. ഏതാനും ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് ദു:ഖകരമാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്. സംഘര്‍ഷത്തില്‍ അപ്രതീക്ഷിത വെല്ലുവിളിയാണ് ഇന്ത്യ നേരിട്ടത്. ആ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലില്‍ വലിയൊരു ഭാഗം ഈ മേഖലയില്‍ നിന്നാണ്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നല്‍കണം. ഇതുവരെ രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം അതുവഴിയുള്ള ചരക്കു നീക്കം പ്രതിസന്ധിയിലാണ്. 60 ശതമാനം പെട്രോളിയവും ഇറക്കുമതി ചെയ്യുന്നതാണ്. എല്‍പിജിയുടെ ക്ഷാമം കാരണം രാജ്യത്ത് എല്‍പിജി ഗാര്‍ഹികാവശ്യത്തിന് മാത്രമാണ് നല്‍കുന്നത്. ഇന്ത്യയിലെ എല്‍പിജി ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസര്‍വും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ എണ്ണ ഉത്പാദകരുമായും ബന്ധപ്പെടുന്നുണ്ട്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.
യുദ്ധത്തിന്റെ പ്രത്യാഘാതം ഏറെ നാള്‍ നീണ്ടു നില്‍ക്കുമെന്നും ഒറ്റക്കെട്ടായി ഇതിന് തയാറെടുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കോവിഡ് കാലത്ത് ഒറ്റക്കെട്ടായി പ്രതിസന്ധികളെ തരണം ചെയ്തു. അതുപോലെ തയാറെടുക്കണം. സംയമനത്തോടെ ശാന്തമായി പ്രവര്‍ത്തിക്കണം. തെറ്റായ പ്രചരണം നടക്കുന്നുണ്ടെങ്കിലും അത് ഫലം കാണില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ വേണ്ടി നടപടി എടുക്കുന്നുണ്ടെന്നും ശക്തമായ നിരീക്ഷണമുണ്ടെന്നും മോദി പറഞ്ഞു.
41 രാജ്യങ്ങളില്‍നിന്നായി ഊര്‍ജം ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് പെട്രോളിയം കരുതല്‍ ആവശ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയത്തിന്റെ ലഭ്യത രാജ്യം ഉറപ്പുവരുത്തുകയാണ്. സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശ്രമിച്ചു. എന്നാല്‍ വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണവും ഹോര്‍മുസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നതും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എണ്ണയും ഗ്യാസും രാസവളവും ഇന്ത്യയില്‍ കൂടുതല്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എഥനോള്‍ ഉത്പാദനം കൂട്ടിയത് ഇപ്പോള്‍ പ്രയോജനപ്പെടുന്നു. നാലരക്കോടി ബാരല്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു. റെയില്‍വേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയില്‍ ഇതിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പതിമൂന്ന് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നത്. രാജ്യസഭയില്‍ നാളെ നരേന്ദ്രമോദി സംസാരിക്കും.
കാര്‍ഷിക രംഗത്ത് യുദ്ധം എന്ത് പ്രഭാവം ചെലുത്തും എന്ന കാര്യത്തിലും ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ ഉത്പാദനം നടക്കുന്നു. കോവിഡ് കാലത്തും ഇന്ത്യയില്‍ യൂറിയ വില കൂടാതെ പിടിച്ചു നിറുത്തി. ആറ് യൂറിയ പ്ലാന്റുകള്‍ കഴിഞ്ഞ പത്തു കൊല്ലത്തില്‍ തുറന്നു. ഇതുവഴി യൂറിയ ഉത്പാദനം കൂട്ടാന്‍ കഴിഞ്ഞു. ജൈവ കൃഷിക്കും പ്രോത്സാഹനം നല്‍കുന്നു. സോളാര്‍ പമ്പുകളും കര്‍ഷകരെ സഹായിക്കുന്നു. കര്‍ഷകരെ സംഘര്‍ഷം ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.
വേനല്‍ക്കാലത്ത് വൈദ്യുതിയുടെ ആവശ്യം കൂടും. എല്ലാ വൈദ്യുതി നിലയങ്ങള്‍ക്കും കല്‍ക്കരി ലഭ്യമാക്കും. ഇന്ന് ആകെ ഊര്‍ജ്ജ ഉത്പാദനത്തിന്റെ പകുതി പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെയാണ്. ‘ശാന്തി’ നിയമം ആണവോര്‍ജ്ജ ഉത്പാദനത്തിന് സഹായിക്കുമെന്നും അദ്ദേഹം ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞു.







