കാസർകോട്: കബഡി സ്ഥലത്തുണ്ടായ അടിപിടി തടയാൻ ശ്രമിച്ച വിരോധത്തിൽ യുവാക്കളെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ എട്ടു പ്രതികളെ ആദൂർ പൊലീസ് അറസ്റ്റു ചെയ്തു. ആദൂർ , ബർത്തക്കുന്ന് ഹൗസിലെ സി.ആർ. താജുദീൻ (36), അബ്ദുൽ സത്താർ (30), സി.എ നഗറിലെ അബ്ബാസ് ഫൈസൽ എ.പി. (32), മുഹമ്മദ് സുറക്കാത്ത വൈ എം (35), ആദൂർ ബണ്ണാത്തമ്പാടിയിലെ ബി മുഹമ്മദ് റഫീഖ് (32), ആദൂർ മുക്കൂർ ഹൗസിലെ ആഷിഖ് ( 29 ),കുണ്ടാര്‍ മഞ്ഞംപാറ ഹൗസിലെ എ കെ അബ്ദുൽറഹ്മാൻ അക്സൽ ( 19 ) സിഎ നഗറിലെ മുഹമ്മദ് ഹാസിഫ് ( 28 ) എന്നിവരെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മുള്ളേരിയ , മൊയന്തൻ പാറയിലെ സുലൈമാൻ ഫാരിസി ( 34 ) പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവരെന്ന് ആദൂർ പൊലീസ് അറിയിച്ചു. മാർച്ച് 4 ന് രാത്രി 10.30 മണിക്ക് മുള്ളേരിയ മദീന ഹോട്ടലിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 28 ന് കബഡി ടൂർണ്ണമെന്റ് സ്ഥലത്ത് ഉണ്ടായ അക്രമം തടയാൻ ശ്രമിച്ച വിരോധത്തിൽ പരാതിക്കാരനെയും സുഹൃത്തുക്കളെയും ആക്രമിച്ചുവെന്നാണ് കേസ്. ആദൂർ എസ് ഐ ജോൺ , പൊലീസുകാരായ മധു , സുജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.






