മതില്‍ ചാടിക്കടന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ മുറിക്കകത്ത് പൂട്ടിയിട്ട് പൊലീസിന് കൈമാറി യുവതി

ചിറയിന്‍കീഴ്: വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ തന്ത്രപരമായി മുറിക്കകത്ത് പൂട്ടിയിട്ട് യുവതി പൊലീസിന് കൈമാറി. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി അനസ്(37) ആണ് വീട്ടമ്മയുടെ സാഹസികമായ പ്രവര്‍ത്തിയിലൂടെ കുടുങ്ങിയത്. വര്‍ക്കലയില്‍ റഷ്യന്‍ യുവതിയെ ആക്രമിച്ച കേസിലടക്കം കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 38 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസുകളിലെല്ലാം പൊലീസില്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന യുവതിയുടെ ഭര്‍ത്താവും മക്കളും ഗള്‍ഫിലാണ്. ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസം. സംഭവ ദിവസം യുവതി മുറ്റത്ത് നില്‍ക്കുമ്പോള്‍ മതില്‍ ചാടിക്കടന്നെത്തിയ അനസ് യുവതിയെ ബലമായി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാനും പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന പ്രതി മയങ്ങിപ്പോയി. ഇതോടെ പുറത്തിറങ്ങിയ യുവതി പ്രതിയെ മുറിക്കകത്തിട്ട് പൂട്ടുകയും നാട്ടുകാരേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനും ആക്രമിക്കാന്‍ ശ്രമിച്ചതിനും പ്രതിയായ ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി ഈ കേസില്‍പ്പെട്ട് ഇയാള്‍ കുടുങ്ങുന്നത്.

ചിറയിന്‍കീഴ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് മുറിക്കകത്ത് പൂട്ടിയിട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page