മുംബൈ: തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് ഫിലിമി ഫിഗര്‍ സ്ഥിരീകരിച്ചു. 2016-ല്‍ ഹൈദരാബാദില്‍ നടന്ന ഫാഷന്‍ ഷോയില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് വെളിപ്പെടുത്തല്‍. ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ ഒരു മോഡലിനൊപ്പം അനുഷ്‌ക പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നതെന്നും ഈ ചിത്രവുമായി ബന്ധപ്പെടുത്തി അനുഷ്‌ക ഷെട്ടിയുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് സ്ഥിരീകരണവുമായി ഫിലിമി ഫിഗര്‍ രംഗത്തെത്തിയത്.
ഇതിനു മുന്‍പും അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് സമാനമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ ഔദ്യോഗിക വക്താക്കള്‍ അതെല്ലാം നിഷേധിച്ചിട്ടുണ്ട്. നിലവില്‍ വിവാഹത്തെക്കുറിച്ചോ നിശ്ചയത്തെക്കുറിച്ചോ ഉള്ള യാതൊരു ഔദ്യോഗിക അറിയിപ്പും വന്നിട്ടില്ലെന്നും വൈറല്‍ പോസ്റ്റുകളില്‍ വസ്തുതയില്ലെന്നും വക്താക്കള്‍ വിശദീകരിച്ചു.
തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നടിയെന്നും വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ വാര്‍ത്തകള്‍ക്കും ക്ലിക്കുകള്‍ക്കും വേണ്ടി സെന്‍സേഷണലൈസ് ചെയ്യരുതെന്നും പ്രസ്താവന പറയുന്നു.







