ന്യൂയോര്‍ക്ക്: ലാന്‍ഡിങ്ങിനിടെ വിമാനം ഫയര്‍ ട്രക്കറുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ ഇന്നുരാവിലെയാണ് അപകടം. കാനഡയിലെ മോണ്‍ട്രിയലില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചു. എയര്‍ കാനഡ എക്‌സ്പ്രസ് സിആര്‍ജെ-900 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്‌ളൈറ്റ് റാഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം, ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് നിയന്ത്രണമെന്നും കൂടുതല്‍ സമയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്നും എഫ്.എ. എ നോട്ടീസില്‍ മുന്നറിയിച്ചു. പരിക്കുകളെ കുറിച്ചോ നാശനഷ്ടങ്ങളെ കുറിച്ചോ കൂടുതല്‍ വിവരം വെളിപ്പെടുത്തിയിട്ടില്ല.







