കോഴിക്കോട്: പെരുവയല്‍ പഞ്ചായത്തിലെ ഷിഗല്ല രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഫലം കണ്ടില്ല. അതേസമയം 51 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഒരാള്‍ ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. രോഗം പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടേയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രക്തം കലര്‍ന്ന വയറിളക്കം, കഠിനമായ വയറുവേദന, പനി, ഛര്‍ദ്ദി, ഓക്കാനം, കുടലിലെ അണുബാധ എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗം,
രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം, വ്യക്തിശുചിത്വക്കുറവ് എന്നിവയാണ് ഷിഗല്ലയുടെ പ്രധാന കാരണങ്ങള്‍.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണസാധനങ്ങള്‍ മൂടിവെക്കുക., പരിസരം വൃത്തിയായി സൂക്ഷിക്കുക,
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക എന്നിവയാണ് ഷിഗല്ലയുടെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍. കൃത്യ സമയത്ത് ചികിത്സിക്കാന്‍ തയാറായില്ലെങ്കില്‍ മരണം തന്നെ സംഭവിക്കാമെന്നു അധികൃതര്‍ മുന്നറിയിക്കുന്നു.







