പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിനാണെന്നു പറയുന്നു, മഹിളാ കോണ്‍ഗ്രസ് നേതാവിനു ഭീഷണി. സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബി ജെ പിയില്‍ ചേര്‍ന്നു. ഷൊര്‍ണൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ശങ്കു ടി ദാസിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടയിലാണ് ജയലക്ഷ്മി ബി ജെ പി അംഗത്വം സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും പങ്കുവച്ചതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിച്ചുവെന്നു ജയലക്ഷ്മി പറഞ്ഞു. ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്നു ഷൊര്‍ണ്ണൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. നായനാരും വി എസുമൊക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല. ജയലക്ഷ്മിയോട് കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. ഇതിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.







