കോഴിക്കോട്: മുന്‍ സി പി എം കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് മുസ്ലീംലീഗില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ പാണക്കാട്ടെത്തിയ റസാഖ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നു അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, മുന്‍ മന്ത്രി എം കെ മുനീര്‍ എന്നിവര്‍ക്കൊപ്പമാണ് റസാഖ് പാണക്കാട്ടെത്തിയത്. ലീഗില്‍ നിന്നു രാജിവച്ച കാരാട്ട് റസാഖ് 2016ല്‍ സി പി എം പിന്തുണയോടെയാണ് വിജയിച്ചിരുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. സി പി എമ്മിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മാതൃസംഘടനയിലേയ്ക്ക് തിരിച്ചെത്തിയതെന്നു കാരാട്ട് റസാഖ് പറഞ്ഞു. 2021ലെ തോല്‍വിക്കു ശേഷം സി പി എം തുടര്‍ച്ചയായി അവഗണിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അടവ് നയത്തിന്റെ ഭാഗമായാണ് തന്നെ മദ്രസ അധ്യാപക ബോര്‍ഡ് ചെയര്‍മാനാക്കിയതെന്നും റസാഖ് വ്യക്തമാക്കി. യാതൊരു തരത്തിലുമുള്ള ഉപാധികളില്ലാതെയാണ് കാരാട്ട് റസാഖ് ലീഗില്‍ തിരിച്ചെത്തിയതെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.







