മംഗലാപുരം: അമേരിക്കയില്‍ നിന്ന് എല്‍പിജിയുമായി ‘പൈക്‌സിസ് പയനിയര്‍’ എന്ന ചരക്ക് കപ്പല്‍ മംഗലാപുരം തുറമുഖത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ എല്‍പിജി ക്ഷാമത്തിനിടെയാണ് യുഎസില്‍ നിന്ന് എല്‍പിജിയുമായി ചരക്ക് കപ്പല്‍ എത്തിയത്. ഞായറാഴ്ച രാവിലെയാണ് കപ്പല്‍ മംഗലാപുരം തുറമുഖത്ത് എത്തിയത്.
ന്യൂ മംഗലാപുരം തുറമുഖ അതോറിറ്റിയുടെ ഡെയ്ലി വെസല്‍ പൊസിഷന്‍ അനുസരിച്ച്, 47,236 ടണ്‍ ഭാരമുള്ള സിംഗപ്പൂര്‍ പതാകയുള്ള ടാങ്കര്‍ രാവിലെ 6 മണിയോടെ ബെര്‍ത്ത് നമ്പര്‍ 13 ല്‍ നങ്കൂരമിട്ടു. ഫെബ്രുവരി 14 ന് ടെക്‌സസിലെ പോര്‍ട്ട് ഓഫ് നെതര്‍ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട ടാങ്കര്‍ ന്യൂ മംഗലാപുരത്തുള്ള ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡിലേക്ക് 16,714 ടണ്‍ എല്‍പിജി വിതരണം ചെയ്യും.
അമേരിക്കന്‍ കപ്പലിനു മുന്‍പായി റഷ്യന്‍ എണ്ണയുമായി ‘അക്വാ ടൈറ്റന്‍’ എന്ന കപ്പലും മംഗലാപുരത്തെത്തിയിരുന്നു. എന്നാല്‍ കപ്പലിന്റെ വലിപ്പക്കൂടുതല്‍ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിള്‍ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് എത്തിക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യന്‍ എണ്ണ വില്‍ക്കാന്‍ അമേരിക്ക വ്യാഴാഴ്ച താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തിയത്. നേരത്തെയുണ്ടായിരുന്ന 30 ദിവസത്തെ ഇളവിനു പകരമാണ് പുതിയ അനുമതി. എങ്കിലും ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്.







