കാസര്‍കോട്: ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പെരിയ ഗവ. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രക്ഷിത് (19) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വിദ്യാനഗര്‍, ഉദയഗിരിയിലെ ദിനേശന്‍-രത്‌ന ദമ്പതികളുടെ ഏക മകനാണ് രക്ഷിത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സയിദ് ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ചട്ടഞ്ചാലിലാണ് അപകടം. പൊയ്‌നാച്ചി ഭാഗത്തു നിന്നു ചെര്‍ക്കള ഭാഗത്തേയ്ക്ക് പോവുകയായിരുന്നു സയ്യിദും രക്ഷിതും. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു രക്ഷിത്. ചട്ടഞ്ചാലില്‍ എത്തിയപ്പോള്‍ അതേദിശയില്‍ പിന്‍ഭാഗത്തു നിന്നും എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രക്ഷിത് സര്‍വീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രക്ഷിതിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മംഗ്‌ളൂരുവിലേയ്ക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏക മകന്റെ അപകട മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.







