കാസര്‍കോട്: മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 103.68 ലിറ്റര്‍ കര്‍ണ്ണാടക ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അണ്ണമജല്‍ വീട്ടില്‍ കെ.എ രവികിരണി(38)നെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.കെ അശ്വിനും സംഘവും അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 12. 30 മണിയോടെ ബേള, നീര്‍ച്ചാലില്‍ വച്ചാണ് മദ്യം പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ രവികിരണ്‍ സ്ഥിരമായി മദ്യം കടത്തുന്ന ആളാണെന്നും മാസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഗോവന്‍ നിര്‍മ്മിതമായ 180 മില്ലി വീതമുള്ള കുപ്പികളും കര്‍ണ്ണാടക നിര്‍മ്മിതമായ പാക്കറ്റ് മദ്യവും വലിയ കാര്‍ബോര്‍ഡ് പെട്ടികളിലാക്കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ രീതിയെന്നും എക്‌സൈസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി വിനോദന്‍, എന്‍.വി ദിവാകരന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ പി.ഒ സാജന്‍ അപ്യാല്‍, സിഇഒമാരായ എം അനുരാഗ്, എം ശ്യാംജിത്ത്, മൈക്കിള്‍ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.






