വാഷിങ്ടന്‍: യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലകളിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച ജനജീവിതം സ്തംഭിപ്പിച്ചു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരായി. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം മരങ്ങള്‍ കടപുഴകി വീണു. ഇതോടെ വൈദ്യുതി ബന്ധം നിലച്ചു. 4.5 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഇരുട്ടിലായി. ഗതാഗത സംവിധാനങ്ങള്‍ തടസപ്പെടുകയും വിദ്യാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടു. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ ചിലയിടങ്ങളില്‍ നിര്‍ദേശം നല്‍കി.
പലയിടങ്ങളിലും രണ്ട് അടിയിലധികം (60 സെന്റിമീറ്റര്‍) മഞ്ഞ് അടിഞ്ഞുകൂടി. റോഡ് ഐലന്‍ഡിലെ വാര്‍വിക് എന്ന സ്ഥലത്താണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച (3 അടിയിലധികം) രേഖപ്പെടുത്തിയത്. യുഎസിലുടനീളം അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ന്യൂജേഴ്സി വിമാനത്താവളങ്ങളെയാണ് മഞ്ഞുവീഴ്ച സാരമായി ബാധിച്ചത്.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 19 ഇഞ്ചിലധികം മഞ്ഞ് വീണതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ യാത്രകള്‍ അസാധ്യമായ സാഹചര്യമാണെന്ന് സംസ്ഥാന ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ തീരത്തെ ആറ് ലക്ഷത്തിലധികം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലന്‍ഡിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടായത്. റോഡുകള്‍ അതീവ അപകടകരമാണെന്നും എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മസാച്യുസെറ്റ്സില്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു.
24 മണിക്കൂറിനുള്ളില്‍ വായുമര്‍ദ്ദം കുത്തനെ ഇടിയുന്ന ‘ബോംബ് സൈക്ലോണ്‍’ പ്രതിഭാസമാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഞ്ഞുവീഴ്ച തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.







