നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടിയ ഓട്ടോ ഡ്രൈവര്‍ ഹീറോയായി

കോട്ടയം: നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് ആദരിച്ചു. ഓട്ടോ ഡ്രൈവര്‍ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്‍.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി(26) പിടിയിലായത്. കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നു കളയുന്നതിനിടെയാണ് യുവതിയെ ഓട്ടോഡ്രൈവര്‍ മനോജ് പിടികൂടിയത്.

തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തിരുനക്കര സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ യുവതി മനോജിന്റെ ഓട്ടോയില്‍ കയറി. ചാലുകുന്ന് ഭാഗത്തേക്ക് പോയി. യുവതി ഓട്ടോയില്‍ കയറിയപ്പോള്‍ തന്നെ മനോജിന് എന്തോ പന്തികേട് തോന്നിയിരുന്നു. തുടര്‍ന്ന് കണ്ണാടിയിലൂടെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടെ കൈയിലുണ്ടായിരുന്ന വലിയ ബാഗിനുള്ളിലെ പഴ്‌സില്‍ നിന്നു പണം എടുത്ത ശേഷം ഒഴിഞ്ഞ പഴ്‌സ് അവര്‍ സീറ്റിന്റെ പിന്നിലേക്ക് ഇട്ടു. ഇതോടെ സംശയം തോന്നിയ മനോജ് ഓട്ടോ നിര്‍ത്തി. ഇതിനിടെ ജ്യോതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പോയി. ഓട്ടോയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട പഴ്‌സിനെ പറ്റി ഇതിനിടെ മനോജ് സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുകയും അവരുടെ സഹായത്തോടെ യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് തിരുനക്കര സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാന്‍ഡിലും വിവരം അറിയിച്ചു. പിങ്ക് പൊലീസും സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യുവതിയെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ പഴ്‌സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലെത്തിച്ച് പഴ്‌സും പണവും തിരികെ നല്‍കി. ചിട്ടിക്ക് വേണ്ടി കരുതിയ പണമായിരുന്നു നഷ്ടമായതെന്ന് രമണി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടികിട്ടാപ്പുള്ളിയായ പ്രതിയെ പിടികൂടിയ മനോജിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി എസ്.എച്ച്.ഒ എം.ജെ.അരുണ്‍ മെമന്റോ നല്‍കി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page