18 വയസ്സിനു താഴെ പ്രായക്കാരുടെ പാതിരാത്രിയിലെ ചായകുടി: രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ്

കുമ്പള: പാതിരാത്രിക്കു ശേഷമുള്ള പെട്ടിക്കട പ്രവര്‍ത്തനവും ആ സമയത്തെ യുവാക്കളുടെ ചായ ഭ്രാന്തും കുമ്പള പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം ആറു ബൈക്കുകളില്‍ പത്തോളം യുവാക്കള്‍ മംഗളൂരുവില്‍ നിന്നു ചായ കുടിക്കാന്‍ പെട്ടിക്കട തേടി എത്തിയതും അന്വേഷണത്തിലുണ്ട്.
ചേവാറില്‍ അടുത്തിടെ ഒരു പെട്ടിക്കടയില്‍ യുവാക്കള്‍ അര്‍ദ്ധരാത്രിയില്‍ അലറിവിളിച്ചു നടത്തിയ കൂട്ടയടിയും അടിക്കിടയില്‍ പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തു ജീപ്പു നിറുത്തിയിട്ടും ഉറച്ചു നിന്നു തമ്മിലടിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍ മയക്കുമരുന്ന്- മണല്‍കടത്ത്- മദ്യവ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നു പൊലീസ് സംശയിക്കുന്നുണ്ട്. പെട്ടിക്കടയില്‍ നിന്നു മടങ്ങാതിരുന്ന യുവാക്കളെ പൊലീസ് അടിച്ചോടിച്ചെങ്കിലും അതിനു വഴങ്ങാതെ നിന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മദ്യ- ലഹരി- പൂഴി മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അര്‍ദ്ധരാത്രിക്കു ശേഷമുള്ള പെട്ടിക്കട പ്രവര്‍ത്തനവും പെട്ടിക്കടകളിലെ ചായകച്ചവടവും അവസാനിപ്പിക്കണമെന്നും ഡി വൈ എഫ് ഐ നേതാവ് ബി എ ബഷീര്‍ ജില്ലാ പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടു. പാതി രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ഡി വൈ എഫ് ഐയും സി പി എമ്മും ചേവാറില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
രാത്രി ചൂടുള്ള ശുദ്ധമായ നാടന്‍ ഭക്ഷണം കഴിക്കാനാണ് മംഗളൂരുവില്‍ നിന്നു 10 യുവാക്കള്‍ കഴിഞ്ഞ ദിവസം തലപ്പാടിയില്‍ എത്തിയതെന്നു പറയുന്നു. കര്‍ണ്ണാടകയില്‍ 11മണി കഴിഞ്ഞു പെട്ടിക്കടകള്‍ തുറക്കുന്നതു നിയമപരമായി തടഞ്ഞിട്ടുള്ളതിനാലാണ് പെട്ടിക്കടകള്‍ തേടി ആറു ബൈക്കുകളില്‍ 10 യുവാക്കള്‍ കാസര്‍കോട്ടേക്കു തിരിച്ചതെന്നു പറയുന്നു. ബന്തിയോട് പെട്ടിക്കട തുറന്നിട്ടുണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഈ യാത്രക്കിടയിലുണ്ടായ അപകടത്തിലാണ് ബൈക്കുമറിഞ്ഞ് ഒരു യുവാവു മരിച്ചതെന്നാണു പറയുന്നത്. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയിലാണ്.
ചേവാറിലെ പാതിരാത്രി ചായക്കച്ചവടവുമായി ബന്ധപ്പെട്ടു പൊലീസെടുത്ത നടപടിക്കെതിരെ ക്ഷുഭിതരായ യൂട്യൂബ് ചാനലുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുമ്പള എസ് ഐ അബ്ദുസലാമാണ് ഈ സേുകള്‍ അന്വേഷിക്കുന്നത്. അതേസമയം 18 വയസ്സിനു താഴെ പ്രായമുള്ളവരുടെ പാതി രാത്രിയിലെ ചായ കുടിയെക്കുറിച്ചു രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page