മംഗ്‌ളൂരു: നാവിക കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാനു വേണ്ടി ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാം (21) ആണ് ഇടുക്കി ,മൂന്നാറിലെ മറയൂര്‍, കോകിലക്കട്ടയില്‍ വച്ച് പിടിയിലായത്. ഇതോടെ ഉഡുപ്പിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ചാരവൃത്തിക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മറയൂരിലെ വാടക വീട്ടില്‍ വച്ച് അലിഫ് ഇസ്ലാമിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രുവരി 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി, ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ചാരവൃത്തി സംഭവം പുറത്തായത്. പണത്തിനു വേണ്ടിയാണ് കപ്പലുകളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതെന്നാണ് കേസ്. അതേ സമയം മറയൂരില്‍ നിന്നു അറസ്റ്റിലായ അലിഫ് ഇസ്ലാം ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് സൂചന.







