കോഴിക്കോട്: കര്‍ണ്ണാടക, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അര്‍ജുന്റെ വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ വിവാഹം. ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടില്‍ പ്രകാശിന്റെയും രജിതയുടെയും മകന്‍ ആദര്‍ശാണ് അഭിരാമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോഴിക്കോട്, കണ്ണാടിക്കല്‍ സി കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍ ഞായറാഴ്ചയായിരുന്നു വിവാഹം.
അഭിരാമിയുടെ കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു 2024 ജൂലായ് 16ന് കര്‍ണ്ണാടക, ബെളഗാവി, ഷിരൂരില്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. തലേന്നാള്‍ രാത്രി അര്‍ജുന്‍ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ത് സഹോദരിയുടെ കല്യാണത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ‘അനിയത്തിയുടെ കല്യാണ നിശ്ചയത്തിന്റെ കാര്യമോര്‍ത്ത് അച്ഛന്‍ വേവലാതിപ്പെടേണ്ട. വീടിനു പെയിന്റടിക്കാം; ഞാന്‍ വന്നിട്ട് സാധനങ്ങളെല്ലാം വാങ്ങാം’ഇത്രയും പറഞ്ഞാണ് അന്നു അര്‍ജുന്‍ ഫോണ്‍കോള്‍ കട്ട് ചെയ്തത്. പക്ഷെ അര്‍ജ്ജുന്റെയും കുടുംബത്തിന്റെയും വിധി മറ്റൊന്നായിരുന്നു. മണ്ണിടിച്ചിലില്‍ ലോറിക്കൊപ്പം കാണാതായ അര്‍ജ്ജുന്റെ മൃതദേഹം 72 ദിവസത്തെ തെരച്ചിനു ശേഷം സെപ്തംബര്‍ 24ന് ആണ് ഗംഗാവാലി പുഴയില്‍ കണ്ടെത്തിയത്.







