കാസര്‍കോട്: സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്നാലെ സുന്നി ഐക്യത്തിനു ആഹ്വാനം ചെയ്ത് മുസ്ലീം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ പുറത്തുവിട്ട പോസ്റ്റ് വൈറലായി. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ അനുകൂലിച്ച് കൊണ്ട് ഒരു മണിക്കൂറിനകം നാലായിരത്തോളം പേരാണ് രംഗത്ത് എത്തിയത്. ഇരുനൂറോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
”അത്യുജ്ജ്വല ചരിത്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക സമാപന മഹാസമ്മേളനം” എന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
”ഒരു നൂറ്റാണ്ടിന്റെ പ്രൗഡിയും ഗരിമയും അതിന്റെ എല്ലാ തിളക്കത്തോടെയും തലയെടുപ്പോടെയും ദൃശ്യമായിരുന്നു കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍. നാനാദിക്കില്‍ നിന്നും അണമുറിയാതെ വന്നെത്തിയ മനുഷ്യര്‍ തീര്‍ത്ത ശുഭ്രസാഗരം ഒരാത്മീയ പ്രസ്ഥാനം നൂറു വര്‍ഷത്തെ ആദര്‍ശ പോരാട്ടത്തിലൂടെയും ആത്മീയ വിശുദ്ധിയിലൂടെയും വിജ്ഞാന സപര്യയിലൂടെയും സാമൂഹിക ഉത്തരവാദിത്ത നിര്‍വ്വഹണത്തിലൂടെയും നേടിയെടുത്ത സംഘ ശക്തിയുടെ നേര്‍സാക്ഷ്യമായി. അതിലൊരു കണികയായി അലിഞ്ഞു ചേര്‍ന്നതിന്റെ സന്തോഷവും അഭിമാനവും ആത്മീയാനുഭൂതിയും പറഞ്ഞറിയിക്കാവുന്നതല്ല” കുഞ്ഞാലിക്കുട്ടിയുടെ എഫ് ബി പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ അവസാന ഭാഗത്താണ് സുന്നി ഐക്യത്തിനു ആഹ്വാനം ചെയ്യുന്നത്.
”സമസ്ത അതിന്റെ പ്രയാണം തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന് കൂടുതല്‍ തിളക്കത്തോടെ തുടരട്ടെ, ഒന്നായി ചേര്‍ന്ന് ഒരുമയോടെ ഐക്യത്തോടെ ഒരുത്തമ സമൂഹത്തിന്റെ അഭിമാനവും അന്തസും കൈമോശം വരാതെ ഈ സത്യപാതയില്‍ നമുക്കും അണി ചേരാം” എന്നു പറഞ്ഞു കൊണ്ടാണ് കുഞ്ഞാലിക്കുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നൂറാം വാര്‍ഷിക സമാപന സമ്മേളനത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സുന്നി ഐക്യത്തിനു ആഹ്വാനം ചെയ്തത്.
വിട്ടു പോയവര്‍ മാതൃ സംഘടനയിലേയ്ക്ക് തിരിച്ചു വരണം. ഇക്കാര്യം കുണിയയില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം ചര്‍ച്ച ചെയ്തു. താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്ന വ്യക്തികള്‍ അടക്കമുള്ളവര്‍ സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്നോട്ട് വരണം- സമാപന പൊതുയോഗത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.








