കാസർകോട് കേരളത്തിൻ്റെ സൗരോർജ ഹബ്ബ് : ജില്ലയിലെ വൻകിട സൗരോർജ പ്ലാൻ്റുകളുടെ എണ്ണം അഞ്ച് : മുഖ്യമന്ത്രി

കാസർകോട്: കാസർകോട് കേരളത്തിൻ്റെ സൗരോർജ്ജ ഹബ്ബാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ചീമേനി ,പെർഡാല സൗരോർജ വൈദ്യുതി നിലയം നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . കാസര്‍കോട് ജില്ലയില്‍ നിലവില്‍ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെർഡാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസര്‍കോട് കേരളത്തിന്റെ സോളാര്‍ ഹബ്ബായി മാറും – മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെര്‍ഡാല എസ്റ്റേറ്റിലുമായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും തയ്യാറുള്ള കമ്പനികളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിക്കുകയും ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഡ്യൂ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതില്‍ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഈ എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ഡാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് വിഭാവനം ചെയ്യുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉള്‍പ്പെടുത്തി പീക്ക് സമയങ്ങളില്‍ നാലുമുതല്‍ എട്ടുമണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് വേഗത വർധിക്കും . 2027 മെയ് മാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കി ഉത്പാദനം തുടങ്ങും -മുഖ്യമന്ത്രി പറഞ്ഞു.ചീമേനി എസ്റ്റേറ്റില്‍ നിന്നും 125 മില്യണ്‍യൂണിറ്റും പെര്‍ഡാലയില്‍ നിന്നും 47 മില്യണ്‍ യൂണിറ്റും വൈദ്യുതി ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിലയങ്ങളുടെ നിര്‍മ്മാണത്തിന് ഏകദേശം 500കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി.ക്ക് ആവശ്യമായി വരുന്നില്ലെങ്കില്‍ ഗ്രീന്‍ പവര്‍ ആവശ്യമുള്ള സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കി പദ്ധതി പ്രവര്‍ത്തിപ്പിക്കും. കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ ചീമേനി, പെര്‍ഡാല സൗരോർജ വൈദ്യുതനിലയങ്ങള്‍ പ്രധാനപങ്കു വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് പ്രത്യക്ഷത്തില്‍ അഞ്ചുലക്ഷത്തോളം തൊഴില്‍ ദിനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട് 60 സ്ഥിരം ജോലികളും ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹരിതോര്‍ജ്ജം എന്ന നിലക്ക് പദ്ധതിക്കാലയളവില്‍ മൊത്തത്തില്‍ 35 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാനാകും. ചീമേനി പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്നചടങ്ങില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേച്ചര്‍ ഡ്യൂ എനര്‍ജി എം.ഡി. മാഹിന്‍ സുബൈര്‍ സ്വാഗതവും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി സലാം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page