കാസര്‍കോട്: വിഷുക്കാലത്തു പൂക്കാതിരിക്കാന്‍ ആവാത്ത കൊന്നകള്‍ ഇപ്പോള്‍ വിഷുവിനു കാത്തിരിക്കുന്നില്ല. ജനുവരിയില്‍ത്തന്നെ കാത്തിരിപ്പു മതിയാക്കി വിഷുവിനു മുമ്പു അവ പൂത്തുലച്ചു നില്‍ക്കുന്നു. പഴമക്കാര്‍ ഈ പ്രതിഭാസം അത്ഭൂതമെന്ന് അതിശയിക്കുന്നു. അതേസമയം വിഷുക്കണി ഒരുക്കാന്‍ അനിവാര്യമായ കണിക്കൊന്നപ്പൂവ് അപ്പോഴുണ്ടാവുമോ എന്നും സംശയിക്കുന്നു.
അതിശക്തമായ വേനല്‍ കണിക്കൊന്നകള്‍ പൂക്കുന്നതിന് അനിവാര്യമാണെന്നു പഴമക്കാര്‍ പറയുന്നു. പണ്ടു വിഷുക്കാലത്തു കിട്ടിയിരുന്നതിനെക്കാള്‍ ശക്തമായ ചൂട് ഇപ്പോള്‍ വിഷുവിനു മുമ്പ് അനുഭവപ്പെടുന്നതിന്റെ ഫലമായിരിക്കും കൊന്നകള്‍ നേരത്തേ പൂക്കുന്നതെന്നും കരുതുന്നുണ്ട്. ഹൈബ്രീഡ് കൊന്നകള്‍ക്കു വിഷുവും ഓണവുമൊന്നുമില്ലെന്നും അവയ്ക്ക് എന്നും വിഷു ആണെന്നും കരുതുന്നവരുണ്ട്.
എന്തായാലും പ്രകൃതിക്കു എന്തോ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു സാധാരണ ജനങ്ങളും സംശയിക്കുന്നു. അതിന്റെ സൂചനകളാണ് മരങ്ങളും മൃഗങ്ങളും ഇഴജന്തുക്കളുമൊക്കെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സംസാരമുണ്ട്. തലപ്പാടി മുതല്‍ തൊക്കോട്ടു നേത്രാവതി പാലം വരെ റോഡില്‍ കൊന്ന മരങ്ങള്‍ പൂത്തു നില്‍ക്കുന്നതു ചേതോഹര കാഴ്ചയാണ്.
എന്തായാലും റോഡു സൈഡുകളിലും മറ്റും കൊന്നകള്‍ കൂട്ടത്തോടെ പൂത്തു നില്‍ക്കുന്നതു കണ്ണിനു കുളിര്‍മ്മ പകരുന്നു. മനസ്സിലും ചിന്തയിലും അതു പ്രതിഫലിക്കുന്നു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.
ഫോട്ടോ: ഡി ജയനാരായണ തായന്നൂര്‍.






