കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷിംജിത റിമാന്‍ഡില്‍ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ല, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല എന്നുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യബസില്‍ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനംനൊന്ത ദീപക് ജീവനൊടുക്കുകയായിരുന്നു.
എന്നാല്‍ ലൈംഗികാതിക്രമം സംബന്ധിച്ച് മറ്റ് യാത്രക്കാരുമായോ ബസിലെ ജീവനക്കാരുമായോ ഷിംജിത പരാതി പറഞ്ഞിരുന്നില്ല, അടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടില്ല.







