ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി തുടരുന്നു. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്നുനടന്ന ആവേശകരമായ റിപ്പബ്ലിക് ദിന പരേഡില്‍ സൈനിക വിഭാഗങ്ങളും അര്‍ദ്ധ സൈനിക വിഭാഗങ്ങളും പരേഡ് നടത്തി.
പാക് ഭീകര വാദികള്‍ക്ക് എതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ ആകാശത്ത് പറന്നു. രണ്ട് റാഫേല്‍ ജെറ്റുകള്‍, രണ്ട് സുഖോയ് -30 വിമാനങ്ങള്‍, രണ്ട് മിഗ്-29 യുദ്ധവിമാനങ്ങള്‍, ഒരു ജാഗ്വാര്‍ യുദ്ധവിമാനം എന്നിവ ഉള്‍പ്പെടെ 29 വിമാനങ്ങള്‍ ഫ്‌ളൈ പാസ്റ്റില്‍ പങ്കെടുത്തു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സൈനിക ശക്തി, സാങ്കേതിക പുരോഗതി എന്നിവ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. ദേശീയ ഗീതം ‘വന്ദേമാതരം’ 150 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ചരിത്ര നിമിഷത്തിനും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിച്ചു. 29 ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ അണിനിരക്കുന്ന വ്യോമ പ്രദര്‍ശനവും നടന്നു. 2,500 സാംസ്‌കാരിക കലാകാരന്മാര്‍ പരേഡില്‍ അണി നിരന്നു. കൊച്ചി വാട്ടര്‍ മെട്രോയും, നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതയും അടങ്ങുന്ന ‘ആത്മനിര്‍ഭര്‍ കേരള ഫോര്‍ ആത്മ നിര്‍ഭര്‍ ഭാരത്’എന്ന വിഷയത്തിലൂന്നിയ അതിന്റെ നിശ്ചലദൃശ്യവും ഇത്തവണ റിപ്പബ്ലിക് പരേഡിന്റെ ഭാഗമായി.
ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രം വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയില്‍ മുന്നേറുമ്പോള്‍ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടര്‍ന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.







