തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ ദുരൂഹത. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍–കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കുഴഞ്ഞുവീണ് മരിച്ചത്. പിതാവ് ഷിജില്‍ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അന്വേഷണത്തെ തുടർന്ന് ഷിജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്നു. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. അടുത്തിടെയാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്‌പിയും െഫാറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയുണ്ടായെന്ന സംശയത്തിൽ ഭക്ഷ്യ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിനു ശേഷമാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽവെച്ച് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി വിട്ടത്.പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമികനിഗമനത്തിൽ കുഞ്ഞിന്റെ അന്നനാളത്തിൽ രക്തം കട്ടപിടിച്ചുകിടന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് ഷിജിലിനെ ആദ്യം ചോദ്യംചെയ്തു. പിന്നീട് കൂടുതൽ കാര്യം ചോദിച്ചറിയുന്നതിനായി കൃഷ്ണപ്രിയയെ സ്റ്റേഷനിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയുമിരുത്തി ചോദ്യംചെയ്തു. കൃഷ്ണപ്രിയയുടെ മൊഴിയെ തുടർന്നാണ് പൊലീസ് ഷിജിലിനെ കസ്റ്റഡിയിലെടുത്തത്. ഷിജിൽ നൽകിയ ബിസ്‌കറ്റിൽ വിഷം കലർന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.







