ബുലവായോ: ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന് 14 കാരന്‍ വൈഭവ് സൂര്യവംശി. യൂത്ത് ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്.
19 യൂത്ത് ഏകദിന മത്സരങ്ങളില്‍ നിന്നായി വൈഭവ് ഇതിനകം 990 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കോലിയുടെ 978 റണ്‍സ് എന്ന നേട്ടത്തെയാണ് വൈഭവ് മറികടന്നത്. 2026 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് പുരോഗമിക്കവെ കൂടുതല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ഇനിയും വൈഭവിന് അവസരമുണ്ട്.
വൈഭവ് സൂര്യവംശി തകര്‍ത്ത മറ്റ് റെക്കോര്‍ഡുകള്‍
ഏറ്റവും പ്രായം കുറഞ്ഞ ഐപിഎല്‍ കളിക്കാരനും ടി20 സെഞ്ചൂറിയനും: 14 വയസ്സുള്ളപ്പോഴാണ് വൈഭവ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. പുരുഷ ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി, രാജസ്ഥാന്‍ റോയല്‍സിനായി 35 പന്തില്‍ നിന്ന് 100 റണ്‍സ് നേടി.
ഏറ്റവും പ്രായം കുറഞ്ഞ ലിസ്റ്റ് എ സെഞ്ചൂറിയന്‍: ലിസ്റ്റ് എ ക്രിക്കറ്റില്‍ 14 വയസ്സും 272 ദിവസവും പ്രായമുള്ളപ്പോള്‍ 84 പന്തില്‍ നിന്ന് 190 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച് ലോകമെമ്പാടുമുള്ള പുരുഷ ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
ബിഹാറിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം: വൈഭവ് 12 വയസ്സുള്ളപ്പോള്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. രഞ്ജി ട്രോഫിയില്‍ ബിഹാറിനെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി.
പ്രായത്തിനപ്പുറമുള്ള പക്വതയാണ് വൈഭവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നിര്‍ണായക സമയങ്ങളില്‍ ടീമിനെ വിജയിപ്പിക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് വൈഭവിനുണ്ട്.







