തിരുനാവായ: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ വിശേഷാൽപൂജകളോടെ ഇന്ന് തുടക്കമാകും. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘമഹോത്സവം. 19-ന് രാവിലെ 11-ന് നാവാമുകുന്ദക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും. ചടങ്ങുകൾ സുഗമമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നൽകുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയാണ് തിരുനാവായയിലും കുംഭമേള നടത്തുന്നത്. മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും. സാധാരണയായി മാഘമാസത്തിൽ വീടുകളിലും ജപാർച്ചന നടത്താറുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് നിള ആരതിയും ഉണ്ടാകും. കുംഭമേളയുടെ ഭാഗമായി ദേവത പ്രാധാന്യമുള്ള മൗനമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദ പഞ്ചമി, രഥ സപ്തമി, ഭീഷ്മ ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി പൂർണിമ എന്നീ ദിവസങ്ങളിൽ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. ഈ ചടങ്ങുകളിൽ സംസ്ഥാനത്തെ എല്ലാ ഹിന്ദുപരമ്പര കളിലെയും ഉൾപ്പെട്ട സന്യാസിമാരും ആചാരമാരും പങ്കെടുക്കും.വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ അവരുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തും. ഈ ചടങ്ങുകളോടെയാണ് തിരുനാവായയിൽ കുംഭമേളയ്ക്ക് ഔപചാരിക തുടക്കം കുറിക്കുന്നത്. പുഴയിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്ക് നേരത്തേ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ മഹാമാഘമഹോത്സവ സമിതി ചെയർമാൻ അരീക്കര സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഘാടകർ വ്യാഴാഴ്ച കളക്ടർ വി.ആർ. വിനോദുമായി ചർച്ചനടത്തിയതിനെത്തുടർന്ന് പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും ജില്ലാഭരണകൂടം വാക്കാൽ അനുമതിനൽകി. കർശന നിബന്ധനകളോടെയാണ് അനുമതി.







