‘പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, നിശബ്ദയാക്കാനുളള ശ്രമം നടക്കില്ല’; ഫെന്നിക്കെതിരെ അതിജീവിത

കൊച്ചി: തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അതിജീവിത. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് ഫെന്നിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നിശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. തനിക്കുണ്ടായ സാഹചര്യവും, മറ്റ് സംഭവങ്ങളെയും കുറിച്ച് രാഹുലിനോട് പേഴ്‌സണലായി സംസാരിക്കാന്‍ സാഹചര്യം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളാണ് ഫെന്നിയുമായി സംസാരിച്ചത്. താന്‍ തനിച്ചല്ല വരുന്നത് എന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ പീഡിപ്പിച്ച ഒരാളെ വീണ്ടും കാണണം എന്ന് പറയുന്ന ഭാഗം മാത്രം പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഫെന്നി ശ്രമിച്ചത് എന്നും യുവതി ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. താൻ പാലക്കാട് പോയത് രാഹുൽ പറഞ്ഞിട്ടാണ്. പലതവണ വിളിച്ചിട്ടും രാഹുൽ ഫോൺ എടുത്തില്ല. കൂടെയുള്ളവരാണ് ഫോൺ എടുത്തത്. പാലക്കാട് എത്തിയപ്പോൾ പല സ്ഥലങ്ങളിലും കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും രാഹുൽ എത്തിയില്ല. വട്ടം കറക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചത്.2024 ല്‍ ആണ് രാഹുലിനെ പരിചയപ്പെട്ടത്. 2025 നവംബര്‍ 25 വരെ സൗഹൃദം തുടരുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നിയോട് സംസാരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ പുറത്ത് പറയരുത് എന്ന് ഫെന്നി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ ഇടപെടല്‍ ഉണ്ടാക്കിയ ട്രോമയില്‍ നില്‍ക്കുന്ന സമയത്ത് പിന്തുണ നല്‍കുന്ന തരത്തില്‍ ഫെന്നി ഇടപെട്ടു. രാഹുലിന്റെ ജീവിതത്തില്‍ മറ്റ് പെണ്‍കുട്ടികള്‍ ഇല്ലെന്നായിരുന്നു ഫെന്നി ഉറപ്പ് നല്‍കിയത്. ചുറ്റമുള്ളത് ഫാന്‍സ് മാത്രമാണെന്നായിരുന്നു ഫെന്നിയുടെ വാദം. 2025 ന് ഓഗസ്റ്റില്‍ പുറത്തുവന്ന വാര്‍ത്തകളിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് തന്നെ പോലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് താൻ അറിയുന്നത്. അതിന് കാരണം ഫെന്നി നൈനാണ്. ഇക്കാര്യം രാഹുലുമായി സംസാരിച്ചപ്പോൾ അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും രാഷ്ട്രീയമാണെന്നുമായിരുന്നു വിശദീകരണം. ആദ്യത്തെ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു ആളില്ലെന്നായിരുന്നു പറഞ്ഞത്. രണ്ടാമത്തെ സംഭവം വ്യാജമാണെന്ന് വിശദീകരിച്ചു. നേരിട്ട് കാണാം എന്ന് പറഞ്ഞ് അടൂരേക്ക് വരാമെന്നറിയിച്ചപ്പോള്‍ അതിലും നല്ലത് വിഷം വാങ്ങി നല്‍കുന്നതാണെന്നായിരുന്നു പ്രതികരണം. ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഉണ്ടായ റീ എന്‍ട്രി സമയത്ത് പാലക്കാട് ഉണ്ടെന്ന് മനസിലായി. പാലക്കാട് വച്ച് കാണാം എന്ന് പറഞ്ഞപ്പോള്‍ ഫെന്നിയുമായി ബന്ധപ്പെട്ട് നീങ്ങാന്‍ അറിയിച്ചു. എന്നെ പോലെ എത്ര പേരുണ്ടെന്ന് അറിയണം എന്നാണ് പറഞ്ഞത്. ട്രോമയില്‍ നില്‍ക്കുന്ന തന്നെ ഇരുവരും ഒഴിവാക്കാന്‍ ശ്രമിക്കുകയിരുന്നു. പാലക്കാട് എത്തിയ തന്നെ ഒരു ദിവസം മുഴുവന്‍ ഓടിച്ചെന്നും യുവതി ശബ്ദ സന്ദേശത്തില്‍ പറയുന്നു. പീഡനമുണ്ടായതിനു ശേഷവും രാഹുൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും നാട്ടിലെത്തിയ ശേഷം പലതവണ നേരിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page