കോട്ടയം: സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കണമെന്ന് വീട്ടുകാര്‍ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെര്‍മാനിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിഎസ്എസ് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികളിലേറെയും. വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘര്‍ഷത്തെ തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ കുടുംബവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്നും കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഫ്‌നാന്‍ ഷെറിന്‍ അഷ്റഫിന്റെ പിതാവ് തരിഷ് റഹ്‌മാന്‍ പറയുന്നു. സംഘര്‍ഷം കുട്ടികള്‍ താമസിക്കുന്ന പ്രദേശത്തെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം വീടുകളില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടികളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ അവരുടെ സുരക്ഷയെ ഓര്‍ത്ത് കുടുംബം ആശങ്കയിലാണെന്ന് വിദേശകാര്യ മന്ത്രാലയത്തിനും ഇറാനിലെ ഇന്ത്യന്‍ എംബസിക്കും അയച്ച കത്തില്‍ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.
കെര്‍മാനിലെ ഡോര്‍മിറ്ററിയിലാണ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നത്. സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവിടെ തുടരുന്നത് ജീവന് ഭീഷണിയാണ്. പ്രക്ഷോഭകര്‍ കുട്ടികള്‍ താമസിക്കുന്ന വസതിക്ക് സമീപം വെടിമരുന്ന് പ്രയോഗം നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി പി.പി. മുഫ്‌ലിഹ, മഞ്ചേരി സ്വദേശിനി വി. ജിംഷ, കോട്ടക്കല്‍ സ്വദേശിനി എം. ഫര്‍സാന, തിരൂര്‍ സ്വദേശിനി എം.ടി. ആയിഷ ഫെബിന്‍, പാണ്ടിക്കാട് ആഷിഫ, തേഞ്ഞിപ്പലം സ്വദേശിനി കെ.കെ. സന, കോഴിക്കോട് സ്വദേശിനി റാണ ഫാത്തിമ, കൊയിലാണ്ടി സ്വദേശിനി ഫാത്തിമ ഹന്ന, കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി അഫ്‌സാന്‍ ഷെറിന്‍, പറവൂര്‍ സ്വദേശി സി.എ. മുഹമ്മദ് ഷഹബാസ്, കാസര്‍കോട് സ്വദേശിനികളായ ഫാത്തിമ
ഫിദ ഷെറിന്‍, നസ്‌റ ഫാത്തിമ എന്നിവരാണ് ഇറാനില്‍ കുടുങ്ങിയിട്ടുള്ള മറ്റുള്ളവര്‍.
അതിനിടെ ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇറാനില്‍ നിന്നും ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക തയ്യാറാക്കി. പട്ടികയില്‍ ഉള്‍പ്പെട്ട ആളുകളോട് തയ്യാറായി നില്‍കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇറാനില്‍ ജോലി ചെയ്യുന്നവരോടും വിദ്യാര്‍ത്ഥികളോടും മടങ്ങാനാണ് ഇന്ത്യയുടെ നിര്‍ദ്ദേശം. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാര്‍ ഇറാനിലുണ്ടെന്നാണ് നിഗമനം.
ടെഹ്റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കല്‍ കോളേജുകളിലടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീര്‍ത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇറാന്‍ അധികൃതര്‍ സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും. അതിന് ശേഷമാകും ഒഴിപ്പിക്കല്‍ ആരംഭിക്കുക.







