കുമ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം അബൂബക്കര്‍ ദില്‍ഷാദ് എംഎല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയില്‍ ജേഴ്‌സി അണിയും. പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്കുശേഷം മൊഗ്രാലില്‍ നിന്ന് സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജേഴ്‌സി അണിയുന്ന രണ്ടാമത് താരമാണ് അബൂബക്കര്‍ ദില്‍ഷാദ്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് റഫറിയും ടീം കോച്ചും, മാനേജരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന എംഎല്‍ അബ്ബാസിന്റെ മകനാണ് അബൂബക്കര്‍ ദില്‍ഷാദ്.
2022-23വര്‍ഷം മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുഹമ്മദ് ഷഹാമത്ത് കെ എം കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍&ദിയു ക്ലബ്ബിന് വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ ജേഴ്‌സി അണിഞ്ഞിരുന്നത് മൊഗ്രാലിന്റെ മറ്റൊരു നേട്ടമായിരുന്നു.
തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ കേരള സ്റ്റേറ്റ് അണ്ടര്‍-15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മൊഗ്രാലിലെ മറ്റൊരു താരമാണ് മുഹമ്മദ് യാക്കൂബ്. കണ്ണൂരിലാ യിരുന്നു മത്സരം.
തൃശ്ശൂരില്‍ ബോയ്‌സ് സ്‌കൂളിലാണ് മുഹമ്മദ് യാക്കൂബിന്റെ പഠനം. ഒമ്പതാം ക്ലാസ്സില്‍ പഠിച്ചുവരുന്ന മുഹമ്മദ് യാക്കൂബ് കഴിഞ്ഞ രണ്ട് പ്രാവശ്യം ഗോള്‍ഡ് മെഡലും വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു. സ്‌പോര്‍ട്‌സില്‍ സെലക്ഷന്‍ ലഭിച്ചതോടെയാണ് ഈ മേഖല തിരഞ്ഞെടുത്തത്. സ്‌കൂള്‍ ടീമിന് വേണ്ടിയും, കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയും മുഹമ്മദ് യാക്കൂബ് ഗുസ്തി മത്സരത്തില്‍ സജീവമാണ്. മൊഗ്രാലിലെ കെ.ബി യൂസഫ് പാച്ചാനി- മൈമൂന ദമ്പതികളുടെ മകനാണ്.
കായികരംഗത്ത് മികച്ച പ്രകടനം നടത്താന്‍ മൊഗ്രാലിലെ യുവതാരങ്ങള്‍ക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ് ഫുട്‌ബോള്‍ ഗ്രാമം.







