കൊല്ലം: മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ കട്ടിലില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി ഇട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവും സഹോദരനും കസ്റ്റഡിയില്‍. കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ കൊലപാതക വിവരം പുറത്തറിയുന്നത് ഇന്ന് രാവിലെ. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റ് ചോര വാര്‍ന്നാണ് മരണം. സംഭവത്തില്‍ പിതാവ് രാമകൃഷ്ണനേയും സഹോദരന്‍ സനലിനേയുമാണ് (36) പൊലീസ് കസ്റ്റഡിയിലെടുത്തത്.
സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും സ്ഥിരം ഉപദ്രവകാരിയാണെന്നും സന്തോഷിന്റെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് പിതാവും സഹോദരനും പൊലീസിനോട് പറഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും സനലും സന്തോഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിതാവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഉപദ്രവം തുടര്‍ന്നു. ഇതോടെ പിതാവും സഹോദരനും ചേര്‍ന്ന് കട്ടിലില്‍ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം വച്ചപ്പോള്‍ കണ്ണില്‍ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയില്‍ തല പൊട്ടി ചോര വരികയും മരണം സംഭവിക്കുകയും ചെയ്തു.







