വയനാട്: വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് എ.വി ജയന്‍ സിപിഎം വിട്ടു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാനമുഖമായ എ.വി. ജയന്റെ രാജി. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുന്നുവെന്ന് ജയന്‍ ആരോപിച്ചു.
ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനം വേട്ടയാടലിന് വഴിവച്ചു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആസൂത്രിതമായ അട്ടിമറികള്‍ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും ജയന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളോട് സഹകരിച്ച് മുന്നോട്ടുപോകാന്‍ ഇനി എനിക്ക് സാധിക്കില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. കേവലം, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ
വിഷയം, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം വലിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി എന്നെ ചിലര്‍ നിരന്തരം വേട്ടയാടുകയാണ്. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം എന്ന് ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേതന്നെ സംഘടനാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മത്സരിച്ചത്. പൂതാടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മത്സരിച്ചത്. പൂതാടി പഞ്ചായത്തില്‍ ഭരണം നേടുകയും ചെയ്തു. എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാള്‍ക്കാണ് നല്‍കിയത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.







