ബീജിംഗ്: വിട്ടുമാറാത്ത തലവേദന മാറാന്‍ പച്ച മീനിന്റെ പിത്താശയം വിഴുങ്ങിയ യുവതിക്ക് ജീവന്‍ നിലനിര്‍ത്താന്‍ 23 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള ലിയു എന്ന 50 കാരിയാണ് തലവേദന മാറാന്‍ പച്ച മീനിന്റെ പിത്താശയം വിഴുങ്ങിയത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിനുകള്‍ ഒഴിവാക്കാനും സഹായിക്കുമെന്ന് ജിയാങ്സു പ്രവിശ്യയിലുള്ള ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വാസം നിലനിന്നിരുന്നു. ഈ വിശ്വാസ പ്രകാരമാണ് യുവതി പിത്താശയം വിഴുങ്ങാന്‍ ധൈര്യം കാണിച്ചത്.
ഡിസംബര്‍ 14 -ന് രാവിലെ, ലിയു ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് 2.5 കിലോഗ്രാം ഭാരമുള്ള ഒരു ഗ്രാസ് കാര്‍പ്പ് വാങ്ങി. വീട്ടിലെത്തി മത്സ്യത്തിന്റെ പിത്താശയം മാത്രമെടുത്ത് പച്ചയ്ക്ക് വിഴുങ്ങി. രണ്ട് മണിക്കൂറിന് ശേഷം കടുത്ത ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ട യുവതിയുടെ ആരോഗ്യനില വഷളായി. ഇതോടെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നില ഗുരുതരമായതിനാല്‍ ജിയാങ്സു സര്‍വകലാശാലയിലെ അഫിലിയേറ്റഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ പ്ലാസ്മ എക്‌സ്‌ചേഞ്ച് തെറാപ്പിക്കും ഡയാലിസിസിനും വിധേയമാക്കി. അഞ്ച് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 23 ദിവസം എടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍സെനിക്കിനേക്കാള്‍ വിഷാംശമുള്ളതാണ് മത്സ്യത്തിന്റെ പിത്താശയമെന്ന് ലിയുവിനെ ചികിത്സിച്ച ഡോക്ടര്‍ ഹു ഷെന്‍കുയി പറഞ്ഞു. ഇത് വളരെ കുറച്ച് കഴിച്ചാല്‍ തന്നെ വിഷബാധയേല്‍ക്കാം. അഞ്ച് കിലോഗ്രാമോ അതില്‍ കൂടുതലോ ഭാരമുള്ള മത്സ്യങ്ങളില്‍ നിന്നുള്ള പിത്താശയം മാരകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തിന്റെ പിത്താശയത്തില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ കരളിനെയും വൃക്കകളെയും സാരമായി ബാധിക്കും. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, രോഗികള്‍ക്ക് ഷോക്ക്, സെറിബ്രല്‍ രക്തസ്രാവമോ മരണമോ സംഭവിച്ചേക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.







