കാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ കയറി ബഹളം വയ്ക്കുകയും എസ്‌ഐയുടെ ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിഎം മുഹമ്മദ് ജവാദി(28)നെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എസ്‌ഐ ടി അഖില്‍ ഒരു പരാതിക്കാരിയുമായി റൂമില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതി സ്റ്റേഷനില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയുടെ റൂമിന് സമീപത്തെത്തി കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. ഇതുകണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസുകാരോടും യുവാവ് തട്ടിക്കയറി. അനുനയിപ്പിക്കാന്‍ ശ്രമിച്ചതോടെ ഉച്ചത്തില്‍ ബഹളം വച്ച് പ്രശ്‌നമുണ്ടാക്കി. വെയിറ്റിങ് ഏരിയയില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എവിടെ വേണമെങ്കിലും കയറും എന്ന് പറഞ്ഞ് വീണ്ടും എസ്.ഐയോട് തട്ടിക്കയറി. തുടര്‍ന്ന് പൊലീസുകാര്‍ ജവാദിനെ ബലം പ്രയോഗിച്ച് സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജവാദിനെതിരെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുജനത്തിന് ശല്യമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനും കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.







