പാലക്കാട്: ചികിത്സാ പിഴവുമൂലം കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തില്‍ 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. ഡിഎംഒ ഓഫീസില്‍ എത്തിയാണ് സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്. ഉണ്ടായ സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി വിനോദിനിയുടെ കുടുംബം പറഞ്ഞു. വിഷയത്തില്‍ നീതി കിട്ടണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോരാട്ടം, അന്വേഷണം അട്ടിമറിക്കുമോയെന്ന ഭയമുണ്ടെന്ന് വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫ്രാക്ചര്‍ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കൈപ്പത്തി മുറിച്ച് മാറ്റിയത്. സെപ്റ്റംബര്‍ 24-ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിക്ക് കൈക്ക് ഫ്രാക്ചര്‍ സംഭവിച്ചതോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവെച്ച് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം വേദനയും അസ്വസ്ഥതയും തോന്നിയതോടെ കുട്ടിയുമായി മാതാപിതാക്കള്‍ വീണ്ടും ആശുപത്രിയിലെത്തി. വേദന മാറാനുള്ള മരുന്നുകള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. പിന്നാലെ കൈക്ക് നിറം മാറ്റം, തരിപ്പ്, നീര് എന്നിവയുണ്ടായി. വേദന കൂടിയതോടെ ആശുപുത്രിയിലെത്തിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് അണുബാധ തടയാനും ജീവന്‍ രക്ഷിക്കാനുമായി ഡോക്ടര്‍മാര്‍ക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്നത്. കൈമുറിച്ചു മാറ്റിയതോടെ വിനോദിനിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റിയിരുന്നില്ല. മാധ്യമങ്ങളിലൂടെ വിനോദിയുടെ അവസ്ഥ പുറത്തുവന്നതോടെ കുട്ടിക്ക് കൃത്രിമ കൈ വച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.







