പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജയിലിന് മുന്നില്‍ യുവമോര്‍ച്ച പ്രവത്തകര്‍ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്.ഐ.ടി ആവശ്യപ്പെട്ടില്ല.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആശുപത്രിയില്‍ വെച്ച് യുവജന സംഘടന പ്രവര്‍ത്തകര്‍ രാഹുലിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.







