കണ്ണൂര്‍: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച അയോന മോണ്‍സണിന്റെ വൃക്ക ദാനം ചെയ്തു. രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേര്‍ക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. അങ്ങനെ നാല് പേരിലൂടെയാണ് അയോന മോണ്‍സണ്‍ ഇനി ജീവിക്കുക.
വിമാനത്താവളത്തില്‍നിന്ന് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ്ഇന്‍ഡിഗോ വിമാനത്തില്‍അവയവം 11 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്. കോമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റിലാണ് അവയവം എത്തിച്ചതെന്ന് കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്രേഷ്യസ് അറിയിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ക്രമീകരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്ന് വലിയ സഹകരണം ഉണ്ടായതായും നോബിള്‍ ഗ്രേഷ്യസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്ലസ് ടു വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായുള്ള പ്രാക്റ്റിക്കല്‍ മോഡല്‍ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തിയതായിരുന്നു കുട്ടി. തുടര്‍ന്ന് കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയിലേക്ക് പോവുകയും താഴേക്ക് ചാടുകയുമായിരുന്നു. ചികിത്സയിലിരിക്കെ അയോന ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കട്ടിയാങ്കല്‍ മോന്‍സണ്‍-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാര്‍ഫിന്‍, എയ്ഞ്ചല്‍. മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതല്‍ 10.30 വരെ വീട്ടിലും തുടര്‍ന്ന് 11 മണി മുതല്‍
ഉച്ചയ്ക്ക് 2.30 വരെ തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസ്സിസി സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ നടക്കും.







