ബെംഗളൂരു: കാമുകിയുടെ 26ാം പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ കാമുകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാമുകിമാരുടെ പിറന്നാളിന് അവരെ സന്തോഷിപ്പിക്കാനായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ കാമുകന്‍മാര്‍ മത്സരിക്കുമ്പോഴാണ് വേറിട്ട സമ്മാനം നല്‍കി ബെംഗളൂരില്‍ നിന്നുള്ള അവിക് ഭട്ടാചാര്യ എന്ന കാമുകന്‍ ശ്രദ്ധിക്കപ്പെടുന്നത്. കാമുകി സിമ്രാന്റെ 26 -ാം പിറന്നാളിന് 26 കിലോമീറ്റര്‍ ഓടിയാണ് അവിക് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.
തന്റെ പിറന്നാള്‍ ദിനത്തില്‍ 26 കിലോമീറ്റര്‍ ഓടണം എന്ന് സിമ്രാന്‍ ആഗ്രഹിച്ചിരുന്നു. ആ ദിവസം അസുഖമായതിനാല്‍ അവള്‍ക്ക് ഓടാന്‍ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കിയാണ് അവിക്ക് കാമുകിക്ക് വേണ്ടി ഓടാന്‍ തീരുമാനിച്ചത്. അവിക്കിന്റെയും കാമുകി സിമ്രാന്റെയും ജോയിന്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്.
പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഓടാന്‍ സാധിക്കാതെ വന്നുവെന്ന് സിമ്രാന്‍ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.
വീഡിയോയില്‍ പിന്നീട് കാണുന്നത് അവിക്കിനെയാണ്.
‘എന്റെ കാമുകിക്ക് 26 വയസ്സ് തികഞ്ഞു, അതിനാല്‍ അവളുടെ ജന്മദിനത്തില്‍ 26 കിലോമീറ്റര്‍ ഓടാന്‍ പോവുകയാണ് ഞാന്‍’ എന്നാണ് അവിക് പറയുന്നത്. പിന്നീട്, അവിക് ഓടുന്നത് കാണാം. തന്റെ ഓട്ടത്തിനിടെ സിമ്രാന് വേണ്ടി പല കാര്യങ്ങളും അവിക് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സിമ്രാന്റെ ആരോഗ്യത്തിന് വേണ്ടിയും അവിക് പ്രാര്‍ത്ഥിക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. ഇത്രയും നല്ലൊരു കാമുകനെ എവിടെയാണ് കണ്ടെത്താനാവുക എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ജനുവരി 5 ന് പങ്കിട്ട വീഡിയോ ഇതിനോടകം തന്നെ 7.5 ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 6.8 ലക്ഷം ലൈക്കുകളും നേടി.







