മലപ്പുറം: വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍. മലപ്പുറം തിരൂര്‍ പറവണ്ണയില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുന്നതിനിടെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തില്‍ പോവുകയായിരുന്നുവെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ കാറിന്റെ വശത്തായിരുന്നതിനാലാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രൈവര്‍ സീറ്റിന്റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാറിനെ തിരൂര്‍ കൊടക്കല്‍ ഭാഗത്ത് വെച്ചും ഉദ്യോഗസ്ഥര്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് കണ്ടെത്തിയപ്പോള്‍ പരിശോധനയ്ക്കായി എംവിഡി ഉദ്യോഗസ്ഥന്‍ എത്തിയപ്പോഴാണ് ഇടിക്കാന്‍ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.







