കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് കല്‍പ്പറ്റ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം. ടി. സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് മുന്നണികളുടെ തീരുമാനം.
അതേസമയം, ജെആര്‍പിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതോടെ വയനാട്ടില്‍ സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുകയാണ്. മാനന്തവാടി മണ്ഡലത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടിക്ക് താല്‍പ്പര്യമെന്നും യുഡിഎഫ് അക്കാര്യം പരിഗണിക്കണമെന്നും സി.കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.
യുഡിഎഫ് തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സ്ഥലമായിരുന്നിട്ടും മാനന്തവാടിയില്‍ വിജയം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മാനന്തവാടി മുന്‍സിപ്പാലിറ്റി നിലനിര്‍ത്തി. തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ശക്തികേന്ദ്രമായ തിരുനെല്ലി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും അവിടെ ഇത്തവണ ശക്തമായ മത്സരം നടന്നതും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു.
മുത്തങ്ങ സമരത്തിലൂടെ ഉയര്‍ന്നുവന്ന സി.കെ ജാനു ജെആര്‍പി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായി രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ യുഡിഎഫിന്റെ ഭാഗമായ സി.കെ ജാനുവിന് മാനന്തവാടിയില്‍ സീറ്റ് നല്‍കുമോ എന്ന് കണ്ടറിയണം. മന്ത്രി ഒ.ആര്‍ കേളുവിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താല്പ്പര്യവും ജാനു പ്രകടിപ്പിച്ചിരുന്നു.
മാനന്തവാടിയില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. അവിടെ മത്സരിപ്പിക്കാന്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവം. മുന്‍ മന്ത്രി ജയലക്ഷ്മിയെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതും ഐ.സി ബാലകൃഷ്ണനെ ബത്തേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് കൊണ്ടുവരുന്നതും ഉള്‍പ്പെടെ ചര്‍ച്ചയിലുണ്ടെന്നാണ് അറിയുന്നത്. ഉഷാ വിജയന്‍, മീനാക്ഷി രാമന്‍, മഞ്ജുക്കുട്ടന്‍ എന്നിവരും പരിഗണനയിലുണ്ട്.








ഒരിക്കലും കിട്ടുകയില്ല