കൊച്ചി: പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഹൗട്ടര്‍ഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. അന്ന് താന്‍ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തത അനുഭവിച്ചു. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നു.
തെറാപ്പിയിലൂടെയാണ് താന്‍ ഇതിനെ മറികടന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യകാലങ്ങളില്‍
മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നതായും പാര്‍വതി പറയുന്നു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഐ മൂവ്മെന്റ് ഡീസെന്‍സിറ്റൈസേഷന്‍ ആന്‍ഡ് റീപ്രൊസസിങ് ആണ് ഒന്ന്. മാനസികാഘാതം അഥവാ ട്രോമയെ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന തെറാപ്പിസ്റ്റിനെയാണ് ഇതിനായി സമീപിക്കുന്നത്. കൂടാതെ തനിക്കൊരു സെക്സ് തെറാപ്പിസ്റ്റ് ഉണ്ടെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍ താന്‍ ആരാണെന്ന മുന്‍ധാരണകളില്ലാത്ത തെറാപ്പിസ്റ്റിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് പുറം നാട്ടിലുള്ള തെറാപിസ്റ്റുകളെയാണ് കണ്ടിരുന്നത്. ആദ്യസമയത്തെ തെറാപ്പിസ്റ്റുകള്‍ യുഎസ്സില്‍ നിന്നുള്ളവരായിരുന്നു. അവരുടെ സമയമനുസരിച്ച് പുലര്‍ച്ചെ ഒരുമണിക്കും രണ്ട് മണിക്കുമെല്ലാമായിരുന്നു തെറാപ്പി സെഷനുകള്‍. ഈ തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ തനിക്ക് കഴിഞ്ഞു. ഇപ്പോള്‍ ജോലി, കുടുംബം, സുഹൃത്തുക്കള്‍ ഇവരിലൂടെ ജീവിതം സുഖമായി മുന്നോട്ടുപോകുന്നു.
30 വയസ്സിനു ശേഷം മനുഷ്യര്‍ തങ്ങളോട് കൂടുതല്‍ അടുക്കുന്നുവെന്നും ബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മാറുന്നുവെന്നും ആളുകള്‍ പറയാറുണ്ട്. അതുപോലെ തന്റെ ജീവിതം ഇപ്പോള്‍ കൂടുതല്‍ സംതൃപ്തവും സന്തുലിതവുമാണെന്ന് പാര്‍വതി പറഞ്ഞു.







