പത്തനം തിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് കാണാന്‍ ഭക്തലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ശുദ്ധിക്രിയകള്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂര്‍ത്തിയായി.
അയ്യനൊപ്പം പമ്പാസദ്യകഴിച്ച് ശബരിമലയുടെ തീര്‍ഥമായ പമ്പയില്‍ ആരതിയുഴിഞ്ഞ് ഭക്തര്‍ മലകയറി.
ഉച്ച കഴിഞ്ഞ് 2.50 നാണ് മകര സംക്രമ പൂജകള്‍ക്ക് തുടക്കമാവുക. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നേരത്തെ തന്നെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. വൈകുന്നേരം നാലുമണിയോടെ ജ്യോതിമേടിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികളും തന്ത്രി ചുമതലപ്പെടുത്തുന്നവരും ചേര്‍ന്ന് സ്വീകരിച്ച് ആഘോഷത്തോടെ സന്നിധാനത്തേക്ക് ആനയിക്കും. ആഭരണപ്പെട്ടി തിരുമുറ്റത്തേക്കും മറ്റുള്ളവ മാളികപ്പുറത്തേക്കും എത്തിക്കും. ആറരയ്ക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതേസമയത്ത് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ദീപാരാധന നടക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കും. തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദര്‍ശനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏകദേശം ഒന്നരലക്ഷത്തോളം ഭക്തരെങ്കിലും മകരവിളക്ക് ദര്‍ശനത്തിന് എത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 30,000 ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴിയും 5000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും സന്നിധാനത്തേക്ക് കടത്തിവിടും. രാവിലെ 11 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ അനുവദിക്കില്ല. അതിനിടെ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. പൂങ്കാവനം നിറയെ ഭക്തരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.







