കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഹൗട്ടര്‍ ഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി. തനിക്ക് ആര്‍ത്തവമാണെന്ന് സെറ്റില്‍വെച്ച് സംവിധായകരോട് പറയേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തമിഴ് ചിത്രം മാരിയന്റെ ചിത്രീകരണത്തിനിടെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് പാര്‍വതി പറയുന്നു. 2013-ല്‍ പാര്‍വതി തിരുവോത്തും ധനുഷും അഭിനയിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
പാര്‍വതിയുടെ വാക്കുകള്‍:
മാരിയാന്‍ എന്നൊരു തമിഴ് ചിത്രം ഞാന്‍ ചെയ്തിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം നായകനൊപ്പം പൂര്‍ണമായി നനഞ്ഞുകൊണ്ടുള്ള രംഗമാണ് ചിത്രീകരിച്ചത്. സെറ്റിലുള്ളവര്‍ ദേഹത്തേക്ക് വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. മാറാനുള്ള വസ്ത്രങ്ങളൊന്നും തന്റെ കൈയിലില്ലെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. തന്റെ കാര്യങ്ങള്‍ നോക്കാന്‍ സഹായികളുമുണ്ടായിരുന്നില്ല.
ഒരുസമയം കഴിഞ്ഞതോടെ തനിക്ക് ഹോട്ടലില്‍ പോയി വസ്ത്രം മാറിവരണമെന്ന് സെറ്റിലുള്ളവരോട് പറഞ്ഞു. എന്നാല്‍ നമുക്ക് സമയം കുറവാണെന്നായിരുന്നു അവരുടെ മറുപടി. ഒടുവില്‍ തനിക്ക് ആര്‍ത്തവമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു. എനിക്കത് ചെയ്യേണ്ടിവന്നു. എന്നാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്കൊരു ധാരണയുമുണ്ടായിരുന്നില്ല -പാര്‍വതി തിരുവോത്ത് പറഞ്ഞു.
എച്ച് ആര്‍ എക്‌സ് ഫിലിംസിന്റെ കീഴില്‍ ഹൃതിക് റോഷന്റെ കന്നി നിര്‍മ്മാണമായ ദി സ്റ്റോം ഫോര്‍ പ്രൈം വീഡിയോയില്‍ ആണ് പാര്‍വതി അടുത്തതായി അഭിനയിക്കുന്നത്. അജിത്പാല്‍ സിംഗ് സംവിധാനം ചെയ്യുന്ന പരമ്പരയുടെ കഥ എഴുതിയിരിക്കുന്നത് അജിത്പാല്‍ സിംഗ്, ഫ്രാങ്കോയിസ് ലുണല്‍, സ്വാതി ദാസ് എന്നിവര്‍ ചേര്‍ന്നാണ്. അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ്മ, സാബ ആസാദ് എന്നിവരും പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. മുംബൈയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു ഹൈ-സ്റ്റേക്ക്‌സ് ത്രില്ലര്‍ നാടകമാണ് സ്റ്റോം.







